Monday 26 January 2015

ഒരു ജന്മദിനം കൂടി സമാഗതമായി..

ഒരു ജന്മദിനം കൂടി സമാഗതമായി.. 

ജീവിതത്തില്‍ ഉണ്ടായ പല മാറ്റങ്ങളും എന്നെ അദ്ഭുതപ്പെടുത്തുന്നു.. 

2013 ഡിസംബറില്‍ ഗുരുകുല കണ്‍വന്ഷ ന് ചെന്നനേരം ഒരു സംഭവം ഉണ്ടായി. എന്റെണ പ്രിയപ്പെട്ട സ്വാമി ആണ് സ്വാമി തന്മയ. അദ്ദേഹം നിരന്തരം എന്നെ നിരീക്ഷിച്ചു നേര്‍വഴിക്ക് നടത്തുവാന്‍ ശ്രദ്ധിക്കുന്ന ഒരു സന്യാസിവര്യനാണ്. 

ഞാന്‍ കുറച്ചു ഹിന്ദു തീവ്ര ചിന്ത കൊണ്ടുനടക്കുന്ന സമയവും. സ്വാമി ഈ കാര്യം എന്റെക ഗുരു മുനി നാരായണ പ്രസാദിന്റെ ശ്രദ്ധയില്‍ നേരത്തെ കൊണ്ടു വന്നിരുന്നു. കണ്‍വന്ഷന് ചെന്ന നേരം വിശേഷങ്ങള്‍ എല്ലാം അന്വേഷിച്ചറിഞ്ഞതിനു ശേഷം സ്വാമി നേരെ എന്നെ വിളിച്ച് കൊണ്ടുപോയി. ഒരുമിച്ച് വെറുതെ ഗുരുകുലത്തിലെ വഴികളിലൂടെ നടന്നു. നടന്ന് ചെല്ലവേ തൊട്ടു മുന്നില്‍ ഗുരു. ഞാന്‍ ഗുരുവിനെ നമസ്കരിച്ചു. 

ഗുരുവിനെ കണ്ട ഉടനെ സ്വാമി നേരെത്തെ തീരുമാനിച്ചു വച്ചപോലെ എന്‍റെതീവ്ര ചിന്തയെ കുറിച്ച് ഗുരുവിനെ ഓര്മ്മിപ്പിച്ചു. ലെഫ്റ്റ് ആന്ഡ് റൈറ്റ് ഗുരു കൈകാര്യം ചെയ്തു. 

 ഗുരു എന്നോട് ചോദിച്ചു “നീ നാരായണ ഗുരുവിനെ സ്നേഹിക്കുന്നുണ്ടോ ? ഞാന്‍ പറഞ്ഞു ഉണ്ട് ഗുരോ. 
 ഗുരു- അന്ഗീകരിക്കുന്നുണ്ടോ?. 
 ഞാന്‍ -ഉണ്ട് ഗുരോ ? 
 ഗുരു- എന്നിട്ട് നീ ഇപ്പോള്‍ പിന്തുടരുന്നത് ഗുരുവിന്‍റെ മാര്‍ഗ്ഗമാണോ ?. 
 ഞാന്‍- അല്ല ഗുരോ. 
 ഗുരു- അപ്പോള്‍ പിന്നെ നിനക്കെങ്ങനെ നാരായണ ഗുരുവിന്റെ ആളാണ്‌ എന്ന് പറയാന്‍ കഴിയും? 
എനിക്ക് മറുപടി ഇല്ലായിരുന്നു. ഞാന്‍ ഒന്നും പറയാനാവാതെ നിന്നു. 

അപ്പോള്‍ ഗുരു പറഞ്ഞു. “നീ ലോകത്തെ ഒന്നും നന്നാക്കാന്‍ നടക്കേണ്ട. സ്വയം നന്നാവാന്‍ ശ്രമിക്കുക. നാരായണ ഗുരു ലോകത്തെ നന്നാക്കാന്‍ കരാറെടുത്തു നടന്ന ആളല്ല. ഗുരു തന്റെ ആത്മ സത്യത്തിന്‍റെ നിര്‍വൃതിയില്‍ മുഴുകി ഈ ഭൂമിയില്‍ ജീവിച്ചു. അപ്പോള്‍ ഗുരുവിന്‍റെ നിറ സാന്നിദ്ധ്യത്താല്‍ ഈ ലോകം അവര്പോലും അറിയാതെ മാറ്റപ്പെട്ടു. ഗുരു തന്‍റെ ഭൌതിക ദേഹം ഉപേക്ഷിച്ചതിനു ശേഷവും ഈ ലോകം ആ ഗുരുവിന്‍റെ ആത്മീയ പ്രഭാവത്താല്‍ മാറ്റപ്പെട്ടുകൊണ്ടേ ഇരിക്കുന്നു. അതാണ്‌ “നടുനില” (ന്യുട്രല്‍ എക്സിസ്റെന്സ്) എന്ന് ഗുരു പറയുന്നത്. അതായിരിക്കണം നമ്മുടെ മാര്‍ഗ്ഗവും". 

“ആളുകള്‍ മത തീവ്രവാദം നടത്തുന്നത് അവര്‍ക്ക് അറിവില്ലാത്തതുകൊണ്ടാണ് അതിനു പോംവഴി ബദല്‍ തീവ്രവാദമല്ല. അവര്‍ക്ക് അറിവുണ്ടാകാനുള്ള വഴി കാണിച്ചു കൊടുക്കുക. ഗുരുവിനെ സ്നേഹിക്കുകയും ആദരിക്കുകയും ഒക്കെ ചെയ്യുന്നവര്‍ അതാണ്‌ ചെയ്യേണ്ടത്. “ഒരുമതവും പോരുതാല്‍ ഒടുങ്ങുവീല” എന്നല്ലേ ഗുരു പറഞ്ഞത്. അതുകൊണ്ട് അതൊക്കെ നിര്‍ത്തി ഗൌരവത്തോടെ പഠനം തുടരുക. തീവ്രവാദം ഒക്കെ നടത്താന്‍ ധാരാളം ആളുകള്‍ ഉണ്ടാകും. പക്ഷെ ഗുരുവിന്‍റെ സത്യ ദര്‍ശനം അറിയാനും അറിയിക്കാനും ആളുകള്‍ ഇല്ല. നീ അത് ചെയ്‌താല്‍ മതി. നാരായണ ഗുരുവിന് ആരുമില്ല എന്നത് മറക്കേണ്ടാ". 

ഇത്രയും പറഞ്ഞു ഗുരു നടന്നകന്നു.. തന്മയ സ്വാമി എന്‍റെ മുഖത്ത്‌ നോക്കി, വളരെ ഗൌരവത്തോടെ. ഞാന്‍ ഗുരു നാരായണന്‍റെ ഗൌരവം ആ മുഖത്ത്‌ കണ്ടു. പിന്നീട് സ്വാമി വളരെ നിഷ്കളങ്കമായി ചിരിച്ചു. എന്നിട്ട് പറഞ്ഞു. ഇപ്പൊള്‍ മനസ്സിലായല്ലോ എന്താണ് ഇനി വേണ്ടതെന്ന്?. ഗുരു പറഞ്ഞതൊന്നും മറക്കരുത്. എന്‍റെ കുട്ടികള്‍ ഒന്നും മോശപ്പെട്ടു പോകേണ്ടവര്‍ അല്ല. നല്ലവരാകുക. അങ്ങനെ ലോകം നന്നാകട്ടെ. അങ്ങനെ മതി. എല്ലാം നേരെ ആകും.. 

മനസ്സില്‍ വിസ്ഫോടനങ്ങള്‍ ഉണ്ടായി എന്ന് പറയേണ്ടതില്ലല്ലോ. അതുവരെ മനസ്സില്‍ ഇരുണ്ടുകൂടി നിന്ന പല ചിന്തകളും ചീട്ടു കൊട്ടാരം പോലെ തകരാന്‍ തുടങ്ങി. കരുണാമയനായ ഗുരു മനസ്സില്‍ കാരുണ്യത്തിന്‍റെ നീരുറവ തെളിച്ചുതന്നതുപോലെ അനുഭവപ്പെട്ടു. ചിന്തകള്‍ പുതിയ വഴികള്‍ തേടി. മനസ്സില്‍ നിന്നും വിവേചനങ്ങള്‍ തൂത്തെറിയപ്പെട്ടു തുടങ്ങി. അതുവരെ വന്ന വഴി മാറി പുതിയ വഴികള്‍ തേടി.. പഠനത്തിനു പുതിയ മാനം കൈവന്നു. 

ആദ്യം ചെയ്തത് തീവ്ര നിലപാടുകള്‍ മനസ്സില്‍ സൂക്ഷിക്കുന്ന ആളുകളുമായുള്ള സമ്പര്‍ക്കം ഇല്ലാതാക്കുക എന്നതായിരുന്നു. അതിന്റെ ഭാഗമായി ആ ആളുകളുടെ ഫേസ് ബുക്ക്‌ സൗഹൃദം ഒഴിവാക്കി. അവരെ മാറ്റി. ചിലരെ ബ്ലോക്ക് ചെയ്തു. അത് ഏറെ കുറെ വിജയിച്ചു. നെഗറ്റീവ് ചിന്തകള്‍ ഉള്ളവരെയും മറ്റും ഒഴിവാക്കി. കുറച്ചു നല്ല പുതിയ സുഹൃത്തുക്കളെ കണ്ടെത്തി ഫ്രെണ്ട്സ് ആക്കി. നല്ലവരായ ധാരാളം മനുഷ്യര്‍ ലോകത്ത് ഉണ്ടെന്നു തിരിച്ചറിഞ്ഞു. 

ഇപ്പോള്‍ മനസ്സിലായി പ്രശ്നം ലോകത്തിനല്ല എനിക്കായിരുന്നു എന്ന്. ഇങ്ങനെ പ്രശ്നം മനസ്സില്‍ വച്ചുകൊണ്ട് ഇരിക്കുന്നവന്മാരാണ് ലോകത്തിനു തന്നെ പ്രശ്നമായി മാറുന്നതെന്നും മനസ്സിലാക്കി. അതുകൊണ്ടു പ്രേശ്നകാരികള്‍ സ്വയം മാറിയാല്‍ ലോകം രക്ഷപെട്ടു. ഒരു കസബും, ബിന്‍ ലാദനും ഗോറിയും ഗസ്നിയും ഒവൈസിയും മദനിയും പ്രേജ്ഞാസിങ്ങും ഒന്നും ഉണ്ടാകില്ല.

 അതോടെ പരിഹാരം കണ്ടെത്തിയ സംതൃപ്തി ഉണ്ടായി. അങ്ങനെ ഗുരു മുനി നാരായണ പ്രസാദ് പറഞ്ഞു തന്നതിന്റെ പൊരുള്‍ എനിക്ക് ബോധ്യം വന്നു.. സമാധാനവും.. എല്ലാവരെയും സ്നേഹിക്കാനും എല്ലാ ചിന്താധാരകളെയും കുറിച്ച് അറിയാനും ഉള്ള മനസ്സുണ്ടായി. ഇതിനൊക്കെ കാരണഭൂതനായ് നിലകൊള്ളുന്ന മഹാ ഗുരുവിനും ആ ഗുരുവിന്‍റെ പരമ്പരയ്ക്കും നന്ദി പറയുന്നത്‌ തെറ്റാണെന്ന് അറിയാം എനിക്ക്. അതുകൊണ്ട് ആ പുണ്ണ്യ പാദാരവിന്ദങ്ങളില്‍ ഞാന്‍ എന്നെ സ്വയം സമര്പ്പി്ക്കുന്നു..

 കുളിർമതികൊണ്ടു കുളിർത്തു ലോകമെല്ലാ- 
മൊളിതിരളുന്നൊരു വെണ്ണിലാവു പൊങ്ങി 
തെളുതെളെ വീശിവിളങ്ങി ദേവലോക- 
ക്കുളമതിലാമ്പൽ വിരിഞ്ഞു കാണണം മേ! - ശിവശതകം 100

Saturday 22 November 2014

മഹാ മൃത്യുഞ്ജയ മന്ത്രം

ഓം ത്രൈയംബകം യജാമഹെ | സുഗന്ധിം പുഷ്ടി വര്‍ദ്ധനം ||
ഉര്‍വാരുകമിവ ബന്ധനാത് | മൃത്യോര്‍ മുക്ഷീയ മാമൃതാത്||

വെള്ളരി വള്ളിയില്‍ നിന്ന് വെള്ളരിക്ക സ്വയം പഴുത്ത് പാകമായ് ഊര്‍ന്നു മാറുന്നതുപോലെ മരണത്തിന്‍റെ പിടിയില്‍നിന്നും  ത്രൈയംബകം എന്നെ മോചിപ്പിക്കണേ. എന്‍റെ മരണം സ്വാഭാവികമുള്ളതാക്കി എന്നെ മോക്ഷ മാര്‍ഗത്തില്‍ എത്തിക്കേണമേ, ഈ ജന്‍മത്തിലെ നിയോഗിക്കപ്പെട്ട കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം സ്വാഭാവികമായും ഈ ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടെണ്ട സമയത്ത് മാത്രം എന്‍റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ..

ഇവിടെ കൊടുത്തത് പൊതുവേ പറയുന്ന അര്‍ഥമാണ്.

എന്നാല്‍ എനിക്ക് ആലോചിച്ചപ്പോള്‍ തോന്നിയത് മൃത്യു / മരണം എന്നത് അജ്ഞാനം എന്ന അര്‍ഥത്തില്‍ ആണ് ഋഷി ഉപയോഗിച്ചിരിക്കുന്നത് എന്നാണ്. എന്നെ അജ്ഞാനത്തില്‍ നിന്നും ജ്ഞാനത്തിലേക്ക് മോചിപ്പിക്കേണമേ എന്നാണ് ഞാന്‍ ഇതിനു അര്‍ഥം കരുതുന്നത്. ജ്ഞാനിക്ക് കര്‍മ്മ രഹസ്യം അറിയാവുന്നതിനാല്‍ അയാള്‍ക്ക്‌ കര്‍തൃത്വം ഇല്ല. അഥവാ ഉണ്ടെങ്കില്‍ അത് അയാളുടെ മുഴുവനായ സാര്‍വത്രികമായ ലീല മാത്രമാകുന്നു.. അതിനാലാണ് എന്‍റെ കര്‍മ്മങ്ങള്‍ തീര്‍ന്നു കഴിഞ്ഞു എന്ന് പ്രാര്ധിക്കുന്നത്. വേദത്തില്‍ പറയുന്ന മരണം ശരീരത്തിന്‍റെ നാശമാകാന്‍ വഴിയില്ല. അത് അജ്ഞാനത്തിന്റെ അന്ത്യമാകാനേ വഴിയുള്ളൂ..അങ്ങനെ അജ്ഞാനത്തില്‍ (കര്‍മ്മക്കുരുക്കില്‍- Attachment) നിന്നും ജ്ഞാനത്തിലേക്ക് (മോക്ഷം-Freedom-സ്വതന്ത്രത-Detachment) മോചിപ്പിക്കുവാനായി ജിജ്ഞാസു സ്വയം പ്രാര്ധിക്കുന്നു...

ത്രൈയംബകം അര്‍ഥം നോക്കിയാല്‍ കിട്ടുന്നത്..
ത്രൈയംബകം - ചെമ്പ്, ശിവന്റെ വില്ല്, തേങ്ങ.
ത്രൈയംബകന്‍ -ശിവന്‍,
ത്രൈയംബക -മൂന്നുകണ്ണുള്ള , പാര്‍വതി, ദുര്ഗ്ഗ,
ത്രൈയംബകഫലം– തേങ്ങ
ത്രൈ+അംബക: = ത്രൈയംബക:,അംബകം = കണ്ണ് (ത്രൈകണി അംബകാനി യസ്യ സഹ ത്രൈയംബക:,എന്ന് സംസ്കൃതം)
ത്രൈയംബകം ഉള്ളവന്‍ ആരോ അവന്‍ ത്രൈയംബകന്‍ (മുക്കണ്ണന്‍) ത്രൈയംബകന്റെ വില്ലേതോ അത് “ത്രൈയംബകം”

മൃത്യു എന്ന വാക്കിന്റെ അര്‍ഥം നോക്കിയാല്‍ കിട്ടുന്നതോ
മൃത്യു=

നാ. കാമദേവന്‍
നാ. വിഷ്ണു
നാ. ബ്രഹ്മാവ്
നാ. കാളി
നാ. മരണം
നാ. ശനി
നാ. കാലന്‍
നാ. മായം
നാ. യമന്‍റെ നാലു അമാത്യരിലൊരാള്‍ (പ്ര.) ആസന്നമൃത്യു = മരണം അടുത്തവന്‍

കാലന്‍ എന്ന അര്‍ഥം നോക്കിയാല്‍ കാലന്‍ = സമയ ബോധം= Thoughts about time- ആണ്. Time and Space ല്‍ നിന്നുള്ള മോചനം. ജ്ഞാനി സ്ഥലകാലങ്ങള്‍ക്ക് അതീതനാണല്ലോ.

ജ്ഞാന സ്വരൂപമായ മഹാപുരുഷന്‍ തന്‍റെ മൂന്നാം ജ്ഞാനകണ്ണിന്‍റെ വൈഭവത്താല്‍ എന്നെയും ജ്ഞാനി ആക്കണം എന്ന് അപേക്ഷിക്കുന്നു എന്നാണു എനിക്ക് ആലോചിച്ചപ്പോള്‍ കിട്ടിയത്.. അതായത് ജലകണത്തിനു / തിരയ്ക്ക് അത് സമുദ്രമാണെന്നതിരിച്ചറിവ് ഉണ്ടാക്കി കൊടുക്കണമെന്ന് അപേക്ഷിക്കുന്നു..... അങ്ങനെ അറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ തിരയ്ക്ക് സമുദ്രത്തെ വിട്ടിട്ടു വേറിട്ടൊരു വ്യെക്തിത്വം ഇല്ലാതാകും.. തിരയുടെ കര്‍മ്മം സമുദ്രത്തിന്‍റെ വൈഭവം ആണ് എന്നത് തിരക്ക് ബോധ്യമാകും.. Human Mind Cosmic Mind ആകുന്നതു അങ്ങനെയാണ്...

ആത്മോപദേശ ശതകത്തില്‍ ഗുരു പാടിയ

"വെളിയിലിരുന്നു വിവര്‍ത്തമിങ്ങു കാണും
വെളിമുതലായ വിഭൂതിയഞ്ചുമോര്‍ത്താല്‍
ജലനിധിതന്നിലുയര്‍ന്നിടും തരംഗാ-
വലിയതുപോലെയഭേദമാ‍യ് വരേണം."

"അറിവുമറിഞ്ഞിടുമര്‍ത്ഥവും പുമാന്‍‌ ത-
ന്നറിവുമൊരാദിമഹസ്സു മാത്രമാകും;
വിരളത വിട്ടു വിളങ്ങുമമ്മഹത്താ-
മറിവിലമര്‍ന്നതു മാത്രമായിടേണം".   എന്നതുപോലെ..

കൂടാതെ ശ്രീ നാരായണ ഗുരു ബ്രഹ്മവിദ്യാ പഞ്ചകത്തില്‍ എഴുതി തന്നനുഗ്രഹിച്ച

"പ്രജ്ഞാനം ത്വഹമസ്മി തത്ത്വമസി തദ്
ബ്രഹ്മായമാത്മേതി സം-
ഗായന്‍ വിപ്ര! ചര പ്രശാന്തമനസാ
ത്വം ബ്രഹ്മബോധോദയാത്
പ്രാരബ്ധം ക്വനു സഞ്ചിതം തവ കിമാ-
ഗാമി ക്വ കര്‍മ്മാപ്യസത്
ത്വയ്യധ്യസ്തമതോऽഖിലം ത്വമസി സ-
ച്ചിന്മാത്രമേകം വിഭുഃ."

എന്ന ശ്ലോകം ചേര്‍ത്തു വച്ച് ഇത് മനനം ചെയ്‌താല്‍ വളരെ  ഉപകാരപ്പെടും..

മഹാ ഗുരുവിനും മന്ത്ര ദൃഷ്ടാവ് കഹോള ഋഷിക്കും പ്രണാമം.

Saturday 2 August 2014

ഈ മുട്ട ആരിട്ടതാണ് ?...

കുറച്ചു നാളായി ഞാന്‍ പലസ്ഥലത്തും വായിക്കുന്ന ഒരു കാര്യമാണ് ഇത്. കേരളത്തിലെയും അതിനു മുന്‍പ് ശ്രീലങ്കയിലെയും (ഈഴവര്‍ ശ്രീലങ്കയില്‍ നിന്നും വന്നവരാണെന്ന് ചില പുത്തി ജീവികള്‍ പറയന്നു) ഈഴവരെല്ലാം ബുദ്ധ മതക്കാരായിരുന്നു എന്നാണു ചില മുടുക്കന്‍ ചരിത്രകാരന്മാര്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. ചില പാവം യുവ അല്‍പ പുത്തിജീവികള്‍ കോഴിക്കുഞ്ഞ് ഉള്ളിത്തോലി കൊത്തിപ്പിടിച്ചുകൊണ്ട് ഓടി നടക്കുന്നതുപോലെ അതും പൊക്കിപ്പിടിച്ച് നടക്കുന്നത് പലപ്പോഴും പലസ്ഥലത്തും കാണുന്നുണ്ട്. ഇതൊക്കെ കണ്ടപ്പോള്‍ ഞാനും ഒന്നാലോചിച്ചു ഈ പറയുന്നതൊക്കെ ശരിയാണോ ?. ഇതിലെന്തെങ്കിലും യുക്തി ഉണ്ടോ?.  

വെറും 2500 വര്‍ഷത്തിനു മുന്‍പാണ് ബുദ്ധന്‍ ജനിച്ചത്‌. ബുദ്ധമതം പ്രചാരത്തില്‍ ആകുവാന്‍ പിന്നെയും ഒരുപാട് കാലങ്ങള്‍ എടുത്തിട്ടുണ്ട്.. ഈഴവര്‍ ഏറ്റവും സ്നേഹിക്കുകയും ബഹുമാനിക്കുകയും ദൈവത്തെ പോലെ ആരാധിക്കുകയും ചെയ്യുന്ന ശ്രീനാരായണ ഗുരുവിന്‍റെ ആത്മീയ യാത്ര ബുദ്ധന്‍റെ വഴിയേയുമല്ല. മാത്രമല്ല  ഗുരുവിന്‍റെ ഫിലോസഫി ബുദ്ധന്റെതുപോലെ ശൂന്ന്യതാവാദവുമല്ല. ഗുരുവിന്‍റെ സന്തത സഹാചാരിയായിരുന്ന പ്രിയ ശിഷ്യന്‍ കുമാരനാശാന്‍ ബുദ്ധമതത്തെ പശ്ചാത്തലമാക്കി ചില അതിപ്രസിദ്ധങ്ങളായ കവിതകള്‍ രചിക്കുകയുണ്ടായി. പക്ഷെ അദ്ദേഹവും ബുദ്ധമതക്കാരന്‍ അല്ലായിരുന്നു... തന്നെയുമല്ല ഒരു തികഞ്ഞ ഹിന്ദുമത വിശ്വാസിയുമായിരുന്നു. അപ്പോള്‍ പിന്നെ അതിനു മുന്‍പ് ഈ ജനത എന്തായിരുന്നു എങ്ങിനെ ആയിരുന്നു.... പുത്തി ജീവികള്‍ പറയുന്നത് വച്ച് ചിന്തിച്ചപ്പോള്‍ ഒരു സംശയം..

അപ്പോള്‍ ബുദ്ധന്‍ ഉണ്ടാകുന്നത് വരെ മൊട്ടക്കുള്ളില്‍ ആയിരുന്ന ഒരു വംശമാണോ ഈ ഈഴവര്‍. ബുദ്ധന്‍ വന്നു അടയിരുന്നപ്പോള്‍ വിരിഞ്ഞതാണോ ഈ ഈഴവ വംശം.. അതിനു മുന്‍പ് ഈഴവര്‍ ഇല്ലായിരുന്നോ? ഉണ്ടായിരുന്നെന്ന് ആര്‍ക്കും മനസ്സിലാകും. ഏതു വിശ്വാസ പ്രമാണമാണ് അവര്‍ ഉള്‍ക്കൊണ്ടു ജീവിച്ചുപോന്നത് ?.. വേദ കാലഘട്ടത്തിനു 198 കോടിയിലധികം പഴക്കം ഉണ്ട് എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.. ആ വേദ പാരമ്പര്യത്തില്‍ ഈ വംശത്തിന് ഉള്ള സ്ഥാനം എന്താണ്?... അവര്‍ക്ക് ഈ ജ്ഞാന സാഗരത്തില്‍ ഒരവാകാശവും ഇല്ലേ... ഇതൊക്കെ ചമച്ച മഹര്‍ഷീശ്വരന്മാരാരും ജനിച്ചത്‌ സവര്‍ണ്ണന്‍  ? എന്ന് പറയുന്ന കുലങ്ങളിലും അല്ല... അവരാരും ഉന്നത കുല ജാതരും അല്ല.. തന്നെയുമല്ല സമൂഹത്തിലെ ഏറ്റവും താഴത്തട്ടില്‍ നിന്നും വന്നവരായിരുന്നു... എന്‍റെ സംശയം, മനപ്പൂര്‍വം ഈ ജനതയെ അറിവിന്‍റെ മേഘലകളില്‍ നിന്നും ബുദ്ധി പൂര്‍വ്വം അകറ്റുവാനുള്ള ഒരു ഗൂഡ തന്ത്രത്തിന്‍റെ ഭാഗമല്ലേ ഈ വികല ചരിത്ര രചന ?...  

ഉള്ളിത്തോലിയുമായി ഓടുന്ന യുവ പുത്തിജീവികളെ, നിങ്ങള്‍ പറയുക ഈ ഈഴവ  മുട്ട അപ്പോള്‍ ആരിട്ടതാണ് ?...

Thursday 31 July 2014

പ്രശ്നമോ? നമുക്കോ ? കൊള്ളാം !!!

ഈ ലോകത്ത് പ്രശ്നങ്ങള്‍ വളരെ കുറച്ചു പേര്‍ക്ക് മാത്രമേ ഉള്ളൂ... ഭൂരിപക്ഷത്തിനും പ്രശ്നങ്ങള്‍ ഇല്ല....

പൊതുവേ ആളുകള്‍ക്ക് സുഹിപ്പിച്ചും ചിരിച്ചു കാണിച്ചും പിറകില്‍ കൂടി പാരവച്ചും കളിപ്പിച്ചും ഒക്കെ ജീവിക്കാനറിയാം..

ഈ ലോകത്ത് അതരിയാത്തവര്‍ക്കൊക്കെ ആണ് പ്രശ്നങ്ങള്‍...

ദൈവം കയറാന്‍ മടിക്കുന്നിടത്ത് ചെകുത്താന്‍ നൃത്തം ചെയ്തു അറമാദിക്കും....

എന്നാലും  പ്രശ്നങ്ങള്‍ ഇല്ലെന്നു പറയുന്നത് ശരിയല്ല.

ഹ ഹ അതൊക്കെ സ്വന്തം സ്വാര്‍ഥത നിറവേറാഞ്ഞിട്ടുള്ള പ്രശ്നങ്ങള്‍ ആണ്..
പണികള്‍ ഒന്നും എല്‍ക്കാഞ്ഞിട്ടുള്ള പ്രശ്നങ്ങള്‍...


മലയാളി ഈ കാര്യത്തില്‍ ടോപ്‌ ആണ് ലോകത്തില്‍...

പ്രശ്നങ്ങള്‍ ഇല്ലാത്തവരില്ല എന്നാണെങ്കില്‍ അതിനു ഭേദങ്ങള്‍ ഉണ്ട്. പ്രശ്നങ്ങളില്‍ പലതും ന്യായമല്ല...

അവതീര്‍ണ്ണത

കാത്തിരിക്കൂ ...
കാത്തിരിക്കൂ ....
എന്ന് നീ പലപ്പോഴും പറഞ്ഞപ്പോള്‍..
എനിക്ക് ജരാനരകള്‍ വരുമെന്നും
ഞാന്‍ എന്നെ തന്നെ അറിയാതെ
ഏതോ വാത്മീകങ്ങള്‍ക്കുള്ളില്‍
സ്വയം ഞെരിച്ചമര്‍ത്തും എന്ന് നിനച്ചിരുന്നില്ല....
കാലം നിശ്ശബ്ദതയില്‍ കരവിരുതുകള്‍ മെനയുന്നു...
ശൂന്ന്യതയില്‍നിന്നും വരുന്നു...
ശൂന്ന്യതയിലേക്ക് പോകുന്നു....
ആകെവേ നോക്കിയാല്‍ എല്ലാം വരുത്തുപോക്കുകള്‍
വെറും കിനാക്കള്‍ മാത്രം....
സ്വപ്നാടനങ്ങള്‍ മാത്രം....
പ്രഭാതത്തിന്റെ നനുത്ത മൂടുപടം എന്നെ പൊതിയുമ്പോള്‍...
കുളിരുന്ന എന്‍റെ മേനിയും ഞാനും ഒരു സ്വപ്നമായിരുന്നു....
ആ സ്വപ്നത്തില്‍ നിന്നും ഞാന്‍ ഉണരുകയായി....
ഉണര്‍ത്തുപാട്ടുകള്‍ പാടണം...
കളകൂജനങ്ങള്‍ കേള്‍പ്പിക്കണം...
നിറങ്ങള്‍ നല്‍കണം ...
പ്രഭാതം ഒരുക്കണം...
പ്രകാശം പരത്തണം...
വര്‍ണ്ണങ്ങള്‍ വിരിയിപ്പിക്കണം....
ഞാന്‍ ഇതാ തുടങ്ങുകയായി.....